
ബഹളങ്ങളേതുമില്ലാതെ മനസ്സു നിറഞ്ഞ് ആവോളം ആസ്വദിക്കാവുന്ന മികച്ചൊരു കുടുംബചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ആക്ഷനില്ല, സസ്പെൻസില്ല, ട്വിസ്റ്റില്ല, മാസ് രംഗങ്ങളുമില്ല. പക്ഷേ ഉലഹന്നാനെയും ആനിയമ്മയെയും അവരുടെ മുന്തിരിത്തോപ്പിനെയും നാം ഇഷ്ടപ്പെടും.
My life is my wife. My wife is my life. ടാഗ് ലൈനുകൾ ഒരു പഞ്ചിനു മാത്രം മിക്ക ചിത്രങ്ങളിലും ഉപയോഗിക്കുമ്പോൾ ഇൗ സിനിമയുടെ സാരാംശവും സന്ദേശവും ഇൗ ടാഗ് ലൈൻ തന്നെയാണ്. പ്രണയവും ചുറ്റിക്കളിയും കൗമാരചാപല്യങ്ങളും തുടങ്ങി കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ പലതാണെങ്കിലും അതൊന്നും ബോറടിപ്പിക്കാതെ ആളുകളിലേക്കെത്തിക്കുന്നുണ്ട് ഇൗ സിനിമ.
ഉലഹന്നാനും ആനിയമ്മയും അവരുടെ കുടുംബവും പിന്നെ ചുറ്റുമുള്ള ചില വ്യക്തികളും. ഇവരുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ഇൗ ചിത്രത്തിന്റെ പ്രമേയം. കഥയും കഥാസന്ദർഭങ്ങളും പ്രവചനാത്മകമാണ്. പക്ഷേ അതു പ്രേക്ഷകരിലേക്ക് എത്തുന്നത് വ്യത്യസ്തമായാണ്. അതു തന്നെയാണ് മുന്തിരിവള്ളികളെ സമാന പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു ചിത്രങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതും.
നർമരസപ്രധാനമാണ് ഇൗ ചിത്രം. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്നുവെന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ഉലഹന്നാനെയും ആനിയമ്മയെയും നമുക്ക് നമ്മളിൽ കാണാം. അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആരിലെങ്കിലും കാണാം. പരുക്കനായ ഗൃഹനാഥനിൽ നിന്നും തമാശകളും കുസൃതിത്തരങ്ങളുമുള്ള ഉലഹന്നാനായുള്ള മോഹൻലാലിന്റെ ഭാവമാറ്റമാണ് ആദ്യ പകുതി. പിന്നീട് കഥ കുറച്ച് ഗൗരവതരമാകുമെങ്കിലും ആസ്വാദനത്തെ അതു ബാധിക്കുന്നില്ല.
സാരോപദേശങ്ങളും സന്ദേശങ്ങളുമുള്ള അനേകം സിനിമകളിൽ നിന്ന് മുന്തിരിവള്ളികളെ മാറ്റി നിർത്തുന്നത് അതു മുന്നോട്ടു വയ്ക്കുന്ന കാലികപ്രസക്തമായ വിഷയമാണ്. വിവാഹശേഷമുള്ളതാണ് യഥാർഥ പ്രണയമെന്നും അതു കണ്ടു വേണം കുട്ടികൾ വളരാനെന്നും സിനിമ പറഞ്ഞു വയ്ക്കുന്നു. കഥ പരിചിതമാണെങ്കിലും നാടകീയമായ ക്ലീഷേ രംഗങ്ങളിൽ സിനിമ കുരുങ്ങിപ്പോകുന്നില്ല.

ഒരുപാട് സിനിമകളുമായി ഇൗ ചിത്രത്തിന് അറിഞ്ഞോ അറിയാതെയോ സാദൃശ്യം തോന്നും. ആദ്യ പകുതി അനുരാഗകരിക്കിൻ വെള്ളം എന്ന സിനിമയോട് അടുത്തു നിൽക്കുന്നു. രണ്ടാം പകുതിയിൽ ദൃശ്യം, തന്മാത്ര, തുടങ്ങിയ ചില സിനിമകളിൽ കണ്ടഅതേ ഫ്രെയിമുകളും ഷോട്ടുകളും കണ്ടേക്കാം. ഇടയ്ക്കിടെയുള്ള ചില ദ്വയാർഥ തമാശകളുമുണ്ട്. എന്നിരുന്നാലും സിനിമയുടെ ആകെത്തുകയിലുള്ള ആസ്വാദനത്തെ ഇതൊന്നും ബാധിക്കുന്നില്ലെന്നതാണ് സത്യം.
പുലിമുരുകനായി ആരാധകരെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ ഉലഹന്നാനായി കുടുംബങ്ങളെ കയ്യിലെടുക്കുമെന്ന് തീർച്ച. കഥയുടെ വിവിധ സന്ദർഭത്തിനനുസരിച്ചുള്ള ഭാവമാറ്റങ്ങൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ആനിയമ്മയായെത്തിയ മീന മോഹൻലാലിന് മികച്ച പിന്തുണ നൽകി. അനൂപ് മേനോൻ, അലൻസിയർ, സുരാജ്, സുധീർ കരമന, കലാഭവൻ ഷാജോൺ, തുടങ്ങി എണ്ണമറ്റ താരനിര തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. മോഹൻലാലിന്റെ മകളുടെ വേഷം അഭിനയിച്ച ഐമ എന്ന കുട്ടിയുടെ പ്രകടനം എടുത്തു പറയാതെ വയ്യ.

വെള്ളിമൂങ്ങ സംവിധാനം ചെയ്ത ജിബു ജേക്കബ് ഒരു പുതുമുഖ സംവിധായകന് ഏറ്റവും നിർണായകമായ രണ്ടാം സിനിമയെന്ന കടമ്പ അനായാസം ചാടിക്കടന്നുവെന്നു വേണം പറയാൻ. സിന്ധുരാജിന്റെ മികച്ച തിരക്കഥ സംവിധായകന് ആത്മവിശ്വാസം പകർന്നുവെന്ന കാര്യത്തിൽ സംശയമില്ല.
ജീവിതത്തിൽ പാലിക്കേണ്ട ചില മര്യാദകളെയും സൂക്ഷിക്കേണ്ട മൂല്യങ്ങളെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്ന സിനിമയാണ് മുന്തിരിവള്ളികൾ. ഒരു സമ്പൂർണ കുടുംബചിത്രമാണെങ്കിലും എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന ചിത്രവുമാണിത്. ഒപ്പത്തിലൂടെ നമ്മെ ത്രില്ലടിപ്പിച്ച പുലിമുരുകനിലൂടെ ആവേശത്തിലാഴ്ത്തിയ മോഹൻലാൽ ഇത്തവണ തമാശകളും കുസൃതിത്തരങ്ങളുമായി മനസ്സു കീഴടക്കുമെന്ന് തീർച്ച.
0 comments:
Post a Comment