
ഇതു ജോമോന്റെ മാത്രം സുവിശേഷമല്ല. ഒറ്റവാക്യത്തിൽ, സ്വന്തം പിതാവിന്റെ സ്നേഹവും കരുതലും തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു പോകുന്ന ഇന്നത്തെ തലമുറയ്ക്കുള്ള വേദപുസ്തകമാണിത്. ഒപ്പം, അപ്പന്റെ സ്നേഹത്തിന്റെ ആഴവും കരുതലിന്റെ ശക്തിയുമെല്ലാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മക്കൾക്കുള്ള ഓർമപ്പെടുത്തലുമാണ് ഈ ചിത്രം. അച്ഛൻ–മകൻ ബന്ധത്തിന്റെ ഊഷ്മളതയും അർഥവും അതിന്റെ എല്ലാ മനോഹാരിതയോടും കൂടി അവതരിപ്പിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. ഓരോ മക്കൾക്കും വേണ്ടിയുള്ള സ്നേഹവചനമാണ് ഈ ചിത്രത്തിലുള്ളത്.
തൃശൂരിലെ വലിയ ബിസിനസുകാരനായ വിൻസന്റിന്റെ നാലുമക്കളിൽ മൂന്നാമനാണ് ജോമോൻ. ജോമോന്റെ സ്വന്തം ഭാഷയിൽ ‘അപ്പന്റെ മക്കളിൽ ഏറ്റവും വേസ്റ്റ്’!. കൃത്യമായ ജീവിത ലക്ഷ്യങ്ങളൊന്നുമില്ലെങ്കിലും വിൻസന്റിന്റെ പ്രിയപുത്രനും ഇതേ ജോമോനാണ്. പോക്കറ്റ് മണിയെന്ന പേരിലും മറ്റ് അനാവശ്യങ്ങൾക്കുമായി ലക്ഷങ്ങൾ പൊടിപൊടിക്കാൻ ബഹുമിടുക്കനാണ് ജോമോൻ. എന്ത് കുരുത്തക്കേട് കാട്ടിയാലും അപ്പന്റെ വഴക്കുകിട്ടാതിരിക്കാൻ ഒരു സൂത്രവിദ്യയുമുണ്ട് ഈ മകന്റെ കയ്യില്‍. ‘അപ്പാ സ്റ്റിൽ ഐ ലവ് യൂ’ എന്നു പറഞ്ഞ് അപ്പനൊരു ഉമ്മ! അതോടെ വിൻസന്റ് മുതലാളിയുടെ ദേഷ്യമെല്ലാം പമ്പകടക്കും.
മക്കളും മരുമക്കളുമായി സന്തോഷത്തോടെ ജീവിച്ചുപോരുന്നതിനിടെ വിൻസന്റിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായൊരു തകർച്ച വരുന്നു. അന്നുവരെ കെട്ടിപ്പടുത്ത വിൻസന്റിന്റെ ബിസിനസ് സാമ്രാജ്യങ്ങളുടെയും തകർച്ചയുടെ തുടക്കം കൂടിയായിരുന്നു അത്. എന്നും ചേർന്നുനിന്നിരുന്ന മക്കളും മരുമക്കളും സുഹൃത്തുക്കളും കൈവിടുമ്പോൾ, തകർച്ചയുടെ കാലത്ത് വിൻസന്റിന് തുണയാകുന്നത് ജോമോനാണ്. പക്ഷേ അലസനും ലക്ഷ്യബോധമില്ലാത്തവനുമായ ജോമോന് എന്തുചെയ്യാനാകും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സ്ഥിരം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ എല്ലാ ചേരുവകളും ചേര്‍ന്നതാണ് ജോമോന്റെ സുവിശേഷങ്ങളും. കുടുംബബന്ധങ്ങളുടെ തീവ്രതയും അച്ഛൻ–മകൻ ബന്ധത്തിന്റെ ഇഴയടുപ്പവുമാണ് സിനിമയുടെ പ്രമേയം. പുതുമകളേക്കാൾ ആവിഷ്കാരരീതിയാണ് സിനിമയെ വേറിട്ടതാക്കുന്നത്.
അശ്ലീലച്ചുവയോ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാതെ, സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രസകരമായ നര്‍മരംഗങ്ങളും, ഉള്ളിൽ തട്ടുന്ന വികാരനിർഭര രംഗങ്ങളും സിനിമയുടെ പ്രത്യേകതയാണ്. ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യനൊപ്പവും, വിക്രമാദിത്യന് ശേഷം ദുൽഖറിനൊപ്പവും ഇക്ബാൽ കുറ്റിപ്പുറം ഒന്നിച്ച ചിത്രം കൂടിയാണ് ജോമോന്റെ സുവിശേഷങ്ങൾ. യുവാക്കളേയും കുടുംബപ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങളെല്ലാം കോർത്തിണക്കിയാണ് ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കിയിരിക്കുന്നത്. രണ്ടാം പകുതിയിലെത്തുമ്പോൾ ചിത്രത്തിന്റെ വേഗത അല്പം കുറയും.
ജോമോനായി ദുൽഖർ പക്വതയാർന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ രണ്ടു ജീവിത തലങ്ങളെ വളരെ മനോഹരമായി ദുൽഖർ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷ് ആണ് സിനിമയിലെ മറ്റൊരു ഹീറോ. ഒരുപക്ഷേ ഇതുപോലൊരു അച്ഛൻ വേഷം അദ്ദേഹത്തിന്റെ കരിയറിൽ ഇതാദ്യമായിരിക്കും. വിൻസന്റിന് ഏറ്റവും ഇഷ്ടപ്പെട്ട ട്രിപ്പിൾ ഫൈവ് സിഗററ്റ് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് ‘എനിക്കും ഒരുപാട് നാൾ നിന്നെ കണ്ടുകൊണ്ടിരിക്കണം’ എന്നു മകനെ നോക്കി പറയുന്ന രംഗം മുകേഷ് അതിഗംഭീരമാക്കിയിട്ടുണ്ട്. ശിവജി ഗുരുവായൂരും പ്രകടനം കൊണ്ട് വേറിട്ട കാഴ്ചയൊരുക്കി.
കാക്കമുട്ടൈ ഫെയിം ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. കാതറിൻ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും തിളങ്ങി. ഇന്നസെന്റ്, തമിഴ് നടൻ മനോബാല, വിനു മോഹന്‍, മുത്തുമണി, രസ്‌ന പവിത്രന്‍, ജേക്കബ് ഗ്രിഗറി, ഇർഷാദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. വിദ്യാസാഗറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും സിനിമയുടെ മാറ്റുകൂട്ടുന്നു. എസ് കുമാറിന്റെ ഛായാഗ്രഹണം സുവിശേഷങ്ങൾക്ക് കരുത്ത് പകരുന്നു. തൃശൂരും തിരുപ്പൂരുമാണ് പ്രധാന ലൊക്കേഷൻസ്.
ജീവിതത്തിൽ ആരാണ് എപ്പോഴാണ് തുണയാകുന്നത് ചതിക്കുന്നത് എന്നൊന്നും പ്രവചിക്കാനാകില്ല. അതേസമയം ജീവിതം എന്നത് അപ്രതീക്ഷിതവും മനോഹരവുമാണ്. അതിലാണു ചിത്രത്തിന്റെ കഥാതന്തു വേരുറപ്പിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ ആഴം കാലംതീര്‍ക്കുന്ന മണലൊഴുക്കിൽ അലിഞ്ഞില്ലാതാകുന്ന കാലത്ത് ഒരു ഓർമപ്പെടുത്തലാണ് ചിത്രം. ജീവിതത്തെ എങ്ങനെ നോക്കിക്കാണണം കുടുംബത്തിനുള്ളിൽ എങ്ങനെ നിലകൊള്ളണം എന്നൊക്കെയുള്ള ഓർമപ്പെടുത്തൽ.
0 comments:
Post a Comment