Surya Tamil Movie " 24 " Review in Malayalam


24 Tamil Movie Rating : 3.5/5

24 - സൂര്യ എന്ന “നടന്‍റെ” തിരിച്ചുവരവ്.

അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ എന്ന “നടന്‍” തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഇടക്കെപ്പോഴോ പൊട്ടിമുളച്ച കുറെ “ഫാന്‍സ്‌” കെട്ടിപ്പൊക്കിയ സൂപ്പര്‍സ്റ്റാര്‍ കൂടാരം തകര്‍ത്ത് സൂര്യ എന്ന നടന്‍ പുറത്തുവന്നിരിക്കുന്നു.


സേതുരാമന്‍, ആത്രേയ എന്നീ ഇരട്ട സഹോദരങ്ങളായും, സേതുരാമന്‍റെ മകന്‍ ആയ മണി ആയും സൂര്യ മൂന്ന് വേഷങ്ങളില്‍ എത്തുന്ന 24, സൂര്യ ഫാന്‍സ്‌ എന്നതില്‍ ഉപരി തമിഴ് സിനിമാ ആരാധകര്‍ക്ക് മൊത്തത്തില്‍ ഒരു വിരുന്ന് തന്നെയാണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ ഉള്ള മേക്കിംഗ് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിലേക്ക് സൂര്യ എന്ന നടനും, വിക്രം കുമാര്‍ എന്ന സംവിധായകന്‍റെ മികവും കൂടി ചേരുമ്പോള്‍ ചിത്രം വേറെ ലെവെലിലേക്ക് എത്തുന്നു. ആദ്യാവസാനം സൂര്യ നിറഞ്ഞു നില്‍ക്കുന്ന ഈ ചിത്രം എല്ലാ തരത്തില്‍ ഉള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.


സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവല്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത് സാമന്തയും, നിത്യ മേനോനും ആണ്. രണ്ടുപേരും തെറ്റില്ലാതെ അവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു. സൂര്യയുടെ അമ്മയായി ശരണ്യ പൊന്‍വണ്ണനും എത്തുന്നു. അമ്മ വേഷങ്ങള്‍ മികവുറ്റതാക്കുന്നതില്‍ ശരണ്യയുടെ കഴിവ് എടുത്ത് പറയേണ്ടതില്ലല്ലോ. തമാശയും, വൈകാരികവും ചേരുന്ന അമ്മ വേഷം എപ്പോഴത്തെയും പോലെ വളരെ മികച്ച രീതിയില്‍ തന്നെ ശരണ്യ അവതരിപ്പിച്ചിരിക്കുന്നു.

സൂര്യ എന്ന നടനെ ഇഷ്ടമല്ലാത്തവര്‍ അധികം ഉണ്ടാവുമെന്ന് തോന്നുന്നില്ല. സൂര്യയിലെ നടനെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം തന്നെയാണ് 24. തട്ടുപൊളിപ്പന്‍ സംഘട്ടനങ്ങളോ, നെടുനീളന്‍ ഡയലോഗുകളോ പ്രതീക്ഷിച്ച് ഒരാളും തീയറ്റര്‍ പരിസരത്തേക്ക് പോകാന്‍ നില്‍ക്കണ്ട.

( Reviewed By Junaid Jabzz (CEO, Founder, Business Marketing of Matinee Pictures Entertainments) )


Review Number : 2

" 24 " ടൈം ട്രാവല്‍ എന്ന വിഷയം ഇന്ത്യന്‍ സിനിമകളില്‍ വിരളമാണ്...അതുകൊണ്ട് തന്നെ അത് സംബന്ധമായി ഒരു സിനിമ അതും സൂര്യയുടെ നിര്‍മാണത്തില്‍ പുള്ളി തന്നെ അഭിനയിച്ച് വരുമ്പോള്‍ പ്രേക്ഷക മനസ്സുകള്‍ പ്രതീക്ഷാ നിര്‍ഭരമാകും...പോരാത്തതിന് വിക്രം കുമാര്‍ എന്ന കഴിവുറ്റ സംവിധായകനും ചേരുമ്പോള്‍ ആവേശം അണ പൊട്ടും..

ഹോളിവുഡിലെയും മറ്റു ഭാഷകളിലെയും സ്ഥിരം വിഭവം ആയ ടൈംട്രാവലിങ് സിനിമകള്‍ തമിഴില്‍ ഇന്‍ട്ര് നേട്ര് നാളൈ എന്ന സിനിമ കൊണ്ടു വന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു..അത്രയും മികച്ച അവതരണം തന്നെയായിരുന്നു അതിന്‍റെ വിജയ രഹസ്യം..ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് 24ഉം..

ഏച്ചുകെട്ടലുകളില്ലാതെ ഉദ്ദേശിച്ച കാര്യം വൃത്തിയായി സംവിധായകന് പറയാന്‍ സാധിച്ചിട്ടുണ്ട്..സേതുരാമന്‍ എന്ന ശാസ്ത്രജ്ഞന്‍ ടൈം ട്രാവല്‍ സാധ്യമാകുന്ന ഒരു വാച്ച് കണ്ടുപിടിക്കുകയും അത് കൈക്കലാക്കാന്‍ അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരന്‍ ആത്രേയ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം..
മികച്ച സാങ്കേതികത്തികവും സംവിധാനവും സൂര്യ എന്ന നടന്‍റെ ഉജ്ജ്വല പ്രകടനവും ത്രില്ലടിപ്പിക്കുന്ന കഥയും റഹ്മാന്‍റെ കിടിലന്‍ പശ്ചാത്തല സംഗീതവും ആണ് ചിത്രത്തിന്‍റെ പ്രധാന സവിശേഷതകള്‍...

1990 കാലഘട്ടത്തിലെ സിനിമയുടെ ഭാഗം അതിഗംഭീരം എന്ന് പറയാതെ വയ്യ...പിന്നെ നാല് ഗെറ്റപ്പുകളില്‍ മൂന്ന് റോളുകളില്‍ തിളങ്ങിയ സൂര്യ...പ്രത്യേകിച്ച് ആത്രേയ എന്ന വില്ലന്‍ റോള്‍..കലക്കി മറിച്ചു..ടൈം ട്രാവല്‍ സിനിമകളില്‍ സാധാരണയായി കണ്ടു വരുന്ന രീതിയിലുള്ള പാറ്റേണ്‍ അല്ല ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്..ഒരു വ്യക്തി ഭൂതകാലത്തിലേക്കോ ഭാവികാലത്തിലേക്കോ സഞ്ചരിക്കുന്നുണ്ടെങ്കില്‍ എന്തായാലും ആ വ്യക്തിയുടെ ആ കാലത്തിലേക്കുള്ള അവസ്ഥയിലേക്കാണ് വര്‍ത്തമാനത്തില്‍ നിന്ന് സഞ്ചരിക്കുക..

സ്വഭാവികമായും അയാളുടെ ഭൂതം/ഭാവി അവതാരം അവിടെയും ഉണ്ടായിരിക്കും...അവിടെ വച്ച് എന്തെങ്കിലും ഇടപെടലുകള്‍ ഉണ്ടായാല്‍ അത് മൊത്തം വിധിയെയും ബാധിക്കും...പക്ഷെ ഇവിടെ പ്രയോഗിച്ചിരിക്കുന്ന രീതി വ്യത്യസ്തമാണ്...അത് പറയുന്നില്ല..കണ്ട് തന്നെ അറിയൂ..പിന്നെ കല്ലുകടിയായി തോന്നിയത് ടൈം ഫ്രീസിങ് എന്ന പേരില്‍ കാട്ടിക്കൂട്ടിയ വിക്രിയകളാണ്..പക്ഷെ ഒരു പ്രധാന ഭാഗത്ത് അത് ആവശ്യമായി വരികയും ചെയ്യുന്നുണ്ട്...റൊമാന്‍സ് ഭാഗങ്ങള്‍ ആവശ്യമേ ഉണ്ടായിരുന്നില്ല..സാമന്ത ചില സമയത്ത് സുന്ദരിയായും ചില സമയങ്ങളില്‍ വെള്ളപ്പാണ്ട് പിടിച്ച പോലെയും കാണപ്പെട്ടു...

പാട്ടുകളില്‍ ആരാരോ , നാന്‍ ഉന്‍ അരികിനിലേ (ചിത്രീകരണം) നന്നായി തോന്നി..ബാക്കിയുള്ളവ ഒഴിവാക്കാമായിരുന്നു..കാലം എന്‍ കാതലി ഒരു ഇന്‍ട്രോ സോങ് എന്ന രീതിയില്‍ കൊള്ളാം എന്നല്ലാതെ വലുതായി ഇമ്പ്രസ്സ് ചെയ്തില്ല.ആ പാട്ടിലെ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ എടുത്ത് പറയേണ്ടതാണ്..മെയ് നിഗര ഒക്കെ അനാവശ്യം ആയിരുന്നു..ക്യൂരിയോസിറ്റി ഉളവാക്കുന്ന ധാരാളം രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമ..പ്രണയരംഗങ്ങള്‍ എല്ലാം ഒഴിവാക്കിയാല്‍ 24 ഇതിലും മികച്ച ഒരു സിനിമ ആകുമായിരുന്നു...നിത്യ മേനോന്‍ , ശരണ്യ , അജയ് എന്നിവരും നല്ല പ്രകടനം കാഴ്ച വെച്ചു...

ക്ലൈമാക്സിന് മുമ്പുള്ള നിമിഷങ്ങള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്...ചിത്രത്തിന്‍റെ ഉപസംഹാരവും മികച്ചതായിരുന്നു..സീനുകളെ കണക്റ്റ് ചെയ്യിക്കുന്ന ചെറിയ കാര്യങ്ങള്‍ ഉണ്ട്..അതൊന്നും മിസ്സ് ചെയ്യാതെ ശ്രദ്ധിച്ചു കണ്ടാല്‍ സിനിമ മനസ്സിലാകാന്‍ യാതൊരു പ്രശ്നവുമില്ല...രണ്ട് പരാജയങ്ങള്‍ക്ക് ശേഷം സൂര്യ എന്ന നടന്‍റെ വിജയപാതയിലേക്കുള്ള തിരിച്ചു വരവാണ് 24..

( Reviewed By Muhammed Noushad (CEO, Founder, Business Marketing of Matinee Pictures Entertainments) )
Share on Google Plus

About Unknown

Matinee Pictures Entertainments is an Online media group of innovative movie buffs started to promote movies and artists, without language barrier. We promote short films, ads etc for as anything which can roll in limelight. Further Enquries Mail Us to " live.matineeent@gmail.com " or Call " 8590009043 "
    Blogger Comment
    Facebook Comment

0 comments:

Post a Comment